വിവിധ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയാ മുറകളില്‍ സ്തനങ്ങളുടെ അമിത വലിപ്പവും ഭാരവും കുറച്ച് ആകൃതിയും വലിപ്പവും പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ശസ്ത്രക്രിയ തേടുന്നവര്‍ കേരളത്തില്‍ ഗണ്യമായി വളര്‍ന്നിട്ടുണ്ട്.
സ്തനങ്ങളുടെ അമിതവലിപ്പം സ്ത്രീകളെ പലവിധത്തിലും വിഷമിപ്പിക്കുന്നുണ്ട്.
ഉദാഹരണമായി :
1. സൗന്ദര്യാവബോധത്തിന് പ്രതികൂലമായി മനപ്രയാസമോ, ഒരു ഇതികര്‍ത്തവ്യതാമൂഢതയോ സൃഷ്ടിക്കാം.
2. സ്തനങ്ങളുടെ അമിതഭാരം പുറത്ത് ഉയര്‍ന്ന തലത്തില്‍ വേദനയ്ക്ക് കാരണമാകാം.
3. സ്തനങ്ങളുടെ പ്രതലം സാധാരണയില്‍ കവിഞ്ഞ നിലയില്‍ ഉദരഭാഗത്ത് ചേര്‍ന്നിരിക്കുന്ന അവസ്ഥയില്‍ അവിടെ ശുചിത്വം പാലിക്കുവാന്‍ പ്രയാസം നേരിടുവാനും കുമിളുകള്‍ മൂലമുണ്ടാകുന്ന ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകാനും സാദ്ധ്യതയുണ്ട്.
4. അമിതവലിപ്പത്തില്‍ സ്തനങ്ങളുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ ബ്രേസിയര്‍ കണ്ടെത്താന്‍ പ്രയാസം നേരിടും.
വലിപ്പം കുറയ്ക്കാനുളള ശസ്ത്രക്രിയയുടെ ലക്ഷ്യം ആകര്‍ഷകവും ശരീരാകൃതിക്കനുയോജ്യവും തമ്മില്‍ ആനുപാതികക്രമം പാലിക്കുന്നതുമായ സ്തനങ്ങള്‍ പുനഃസൃഷ്ടിക്കുകയെന്നതാണ്. ശസ്ത്രക്രിയ വിജയകരമാകുന്നതോടെ അമിതവലിപ്പവും ഭാരവും സൃഷ്ടിക്കുന്ന എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും അത് സ്ത്രീകള്‍ക്ക് ആശ്വാസമേകുന്നു.
വലിപ്പം കുറയ്ക്കാനായുള്ള സ്തനശസ്ത്രക്രിയ അവയവം തുറന്ന് നടത്തുന്ന പ്രക്രിയയാണ്. വേണ്ടതിലധികമുള്ള സ്തനകലയും ചര്‍മ്മവും നീക്കം ചെയ്ത് മുലക്കണ്ണുകളും മുലഞെട്ടുകളും സാധാരണയായി വേണ്ട സ്ഥാനങ്ങളില്‍ ഉറപ്പിക്കുന്നു. അതിന്റെ ഫലമായി പാകത്തിന് വലിപ്പമുള്ളതും വേണ്ടത്ര ഉയര്‍ത്തിയതുമായ സ്തനങ്ങള്‍ ലഭിക്കുന്നു.
തുറന്ന ശസ്ത്രക്രിയയായതിനാല്‍ സ്തനങ്ങളില്‍ മുറികൂടിയതിന്റെ പാടുകള്‍ ശേഷിക്കും. അവ ഏതാനും കാലം കൊണ്ട് മുഴുവനായിട്ടല്ലെങ്കിലും മാഞ്ഞുപോകും. മുറിപ്പാടുകള്‍ സ്തനങ്ങളുടെ നേര്‍ക്കാഴ്ച കുറഞ്ഞ നടുഭാഗത്തായിരിക്കുമെന്നുള്ളത് ആശ്വാസകരമായിരിക്കും.
ശസ്ത്രക്രിയയ്ക്കു മുമ്പായി ഉറപ്പാക്കേണ്ട കാര്യങ്ങള്‍
1. ശസ്ത്രക്രിയാസംബന്ധമായി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട സവിശേഷ വിവരങ്ങള്‍ ശസ്ത്രക്രിയാ വിദഗ്ദ്ധനുമായി ചര്‍ച്ച ചെയ്ത് പൂര്‍ണ്ണമായി മനസ്സിലാക്കിയിരിക്കണം.
2. വൈദ്യശാസ്ത്രസംബന്ധമായ പരിശോധനകള്‍ നടത്തി എത്രമാത്രം സ്തനകലകള്‍ നീക്കം ചെയ്യണം, നിലവില്‍ സ്തനരോഗങ്ങളുണ്ടെങ്കില്‍ അവ ശമിപ്പിക്കണം, സ്തനങ്ങള്‍ തമ്മിലുള്ള പ്രതിസാമ്യപ്പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അത് മാറ്റിയെടുക്കണം എന്നിവ കൃത്യമായി നിര്‍ണ്ണയിക്കും.
3. വ്യക്തിയുടെ ആരോഗ്യനില പൂര്‍ണ്ണമായി പരിശോധിച്ച് തൃപ്തിപ്പെടണം. സ്തനങ്ങളുടെ മമ്മോഗ്രാം/അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവ പരിശോധനയില്‍ ഉള്‍പ്പെടും.
ശസ്ത്രക്രിയയ്ക്കായി ബോധംകെടുത്തല്‍
സ്തനങ്ങളുടെ വലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയ വ്യക്തിയെ ബോധം കെടുത്തിയാണ് നടപ്പാക്കുക.
ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുക്കല്‍
അവയവം തുറന്നുളള ശസ്ത്രക്രിയയാണെങ്കിലും അതിനു ശേഷം ആരോഗ്യം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിച്ചേരുന്ന ഘട്ടം മിക്കവാറും വേദനാരഹിതമാണ്. നേരിയ തോതിലുള്ള അസ്വാസ്ഥ്യം ഉണ്ടാകാമെങ്കിലും വേദനസംഹാരികളുടെ നിര്‍ദ്ദേശിക്കുന്ന ഉപയോഗം വഴി അത് നല്ലപോലെ നിയന്ത്രിക്കാം. ആശുപത്രിയില്‍ കിടക്കേണ്ടകാലം ശസ്ത്രക്രിയയ്ക്കു ശേഷം 1-2 ദിവസം എന്നു കരുതാം.
ശസ്ത്രക്രിയയ്ക്കു ശേഷം ഒരു മാസത്തേയ്ക്ക് സ്തനങ്ങള്‍ നല്ല പോലെ താങ്ങി നിര്‍ത്താന്‍ കഴിവുള്ള സ്‌പോര്‍ട്ട്‌സ് ബ്രേസിയര്‍ ധരിക്കേണ്ടതാവശ്യമാണ്.
ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യത്തെ രണ്ടുമൂന്ന് ആഴ്ചക്കാലം ആവശ്യമായ ഇടവേളകളില്‍ കൃത്യമായി ശസ്ത്രക്രിയാ വിദഗ്ദ്ധനെ സന്ദര്‍ശിച്ച് മുറിവുകള്‍ ഉണങ്ങിവരുന്ന നില പരിശോധിപ്പിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞിനെ മുലയൂട്ടല്‍
സ്തനങ്ങളുടെ അമിതവലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകളില്‍ അധികപങ്കും മിതമായ തോതില്‍ മാത്രം കുറവു വരുത്തുന്നവയാണ്. അവയില്‍ ക്ഷീരനാളികളും മിക്കവാറും ക്ഷീരഗ്രന്ഥികളും സുരക്ഷിതമായി നിലനിര്‍ത്തും. വന്‍തോതില്‍ കുറവു വരുത്തുമ്പോഴാകട്ടെ, ഗ്രന്ഥികളുടെ കാര്യമായൊരു പങ്ക് നീക്കം ചെയ്യും. സ്തനവലിപ്പം മിതമായി കുറവു വരുന്നിടത്ത് മുലയൂട്ടല്‍ നടത്താന്‍ കഴിയും. മുലപ്പാല്‍ ഉല്പാദനം കുറയുമെന്നിരിക്കിലും ആ കുറവ് നികത്തുവാന്‍ അധിക പോഷകഭക്ഷണം നല്‍കിയാല്‍ മതി. വലിപ്പം കാര്യമായി കുറയ്ക്കുമ്പോള്‍ മുലയൂട്ടല്‍ സാദ്ധ്യമല്ലാതാകും.
സ്തനവലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയും സ്തനാര്‍ബ്ബുദവും
അമിതമായുള്ള സ്തനകലകള്‍ നീക്കം ചെയ്യുന്നതുവഴി സ്തനാര്‍ബ്ബുദം ഉണ്ടാകുന്നത് കുറയ്ക്കാമെന്ന് കരുതുന്നുണ്ടെങ്കിലും അത് തീര്‍ത്തും തെളിയിക്കപ്പെട്ടിട്ടില്ല. ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ ശസ്ത്രക്രിയാശേഷം അര്‍ബ്ബുദലക്ഷണങ്ങള്‍ക്കായി ശസ്ത്രക്രിയാ വിദഗ്ദന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ പരിശോധനകള്‍ നടത്തിയ്ക്കണം. അതില്‍ 40 വയസ്സിനു ശേഷമുള്ളവര്‍ക്ക് എല്ലാ വര്‍ഷവും മമ്മോഗ്രാം വേണ്ടിവരാം.
പാര്‍ശ്വഫലങ്ങള്‍ക്ക് സാദ്ധ്യത എത്രമാത്രം?
സ്തനവലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ പൊതുവായി പരിഗണിക്കുമ്പോള്‍ 5 മുതല്‍ 10 ശതമാനം വരെ പ്രശ്‌നവിധേയമാകാമെന്ന് കാണുന്നുണ്ട്. പക്ഷേ അവയില്‍ അധിക പങ്കും മുറിവു കൂടുന്നതുമായി ബന്ധപ്പെട്ട നിസ്സാരപ്രശ്‌നങ്ങള്‍ മാത്രമായിരിക്കും.
ഉണ്ടാകാവുന്ന മറ്റ് പാര്‍ശ്വഫലങ്ങള്‍ താഴെ ചേര്‍ക്കുന്നവയാണ് :